കോവിഡ് പ്രതിസന്ധിക്കിടയില്‍ അപ്രതീക്ഷിതമായി സിനിമാലോകത്തെ തീരാവേദനയിൽ ആഴ്ത്തുകയാണ് ഓരോ വിയോഗവും. സംഘത്തിലെ പ്രായിക്കര അപ്പ, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ കാവുമ്പാട്ടെ കുറുപ്പന്‍മാരുടെ വല്യേട്ടന്‍ കഥാപാത്രങ്ങളെ ബാക്കിയാക്കി നടന്‍ പിസി ജോര്‍ജ് യാത്രയായി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണവാർത്ത പുറത്തുവന്നത്. ശാരീരികമായ അവശതകളെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയിലായിരുന്നു അന്ത്യം. പോലീസുകാരനായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അദ്ദേഹം സിനിമയിലും തിളങ്ങിയത്. പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായ നടന്‍ പിസി ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചെത്തിയിരിക്കുകയാണ് താരങ്ങള്‍.
ഷമ്മി തിലകന്‍, മനോജ് കെ ജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി ഇവരെല്ലാം പിസി ജോര്‍ജിനെക്കുറിച്ചുള്ള കുറിപ്പുകളുമായെത്തിയിരുന്നു.സഹപ്രവർത്തകൻ എന്നതിലുപരി ഒരു കുടുംബാംഗത്തിനെ നഷ്ടപ്പെട്ട പോലൊരു തോന്നൽ. അച്ഛന്റെ ഉറ്റ സുഹൃത്തായിരുന്ന അദ്ദേഹത്തിനെ, സിനിമയിൽ വരും മുമ്പേ തന്നെ പരിചയമുണ്ടായിരുന്നു. ഒത്തിരി ഇഷ്ടവുമായിരുന്നു. എൻ്റെ ആദ്യ സിനിമയായ കെ.ജി. ജോര്‍ജ് സാറിന്റെ ഇരകൾ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമായിരുന്നു അദ്ദേഹത്തിന്റേത്. ഞാൻ സംവിധാനസഹായി ആയിരുന്ന കമലഹാസൻ നായകനായ ചാണക്യൻ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് പ്രധാനപ്പെട്ട സീനുകളിൽ ശബ്ദം നൽകിയിരിക്കുന്നത് ഞാനാണ്. ഡെന്നീസ് ജോസഫ് ചേട്ടൻ്റെ രചനയിൽ, ജോഷി സാർ ഒരുക്കിയ സംഘം എന്ന സിനിമയിലെ പ്രായിക്കര_അപ്പ ഇന്നും മനസ്സിൽ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രം. എപ്പോഴും സന്തോഷവാനായി ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിട്ടുള്ള ജോർജ്ജേട്ടൻ്റെ വിയോഗം ഒരുപാട് നൊമ്പരപ്പെടുത്തുന്നുവെന്നായിരുന്നു ഷമ്മി തിലകൻ കുറിച്ചത്.
