Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നടൻ കുണ്ടറ ജോണി അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുണ്ടറ കാഞ്ഞിരോട് കുറ്റിപ്പുറം വീട്ടിൽ പരേതരായ ജോസഫിന്റെയും കാതറീന്റെയും മകനായി 1951 ജനുവരി 1നാണ് ജോണി ജനിച്ചത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഹിന്ദി അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ. ആഷിമ, ആസ്റ്റജ് എന്നിവരാണ് മക്കൾ. ബുധനാഴ്ച 10 മുതൽ 12 വരെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കും. തുടർന്ന് കുണ്ടറയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച കാഞ്ഞിരോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും. 1979ൽ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാ​ഗമായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ ആയിരുന്നു ജോണി ഏറ്റവും അവസാനം അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴിലും കന്നഡയിലും തെലുങ്കിലും ജോണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 44 വർഷത്തിനിടെ അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. മനുഷ്യന്‍റെ ഉള്ളറിയുന്ന ലോഹിതദാസിന്‍റെ തൂലികയില്‍ ജന്മമെടുത്തവരായിരുന്നു മോഹൻലാൽ സേതു മാധവൻ എന്ന നായക വേഷത്തിൽ എത്തിയ കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. കിരീടത്തിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റങ്ങൾക്ക് വിധേയനായ മറ്റൊരാള്‍ ഇല്ലന്നു തന്നെ പറയാം. കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കില്‍ ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ പഴയകാല ജീവിതത്തിന്‍റെ നഷ്‌ടങ്ങളെക്കുറിച്ച് ഓര്‍ക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന മനുഷ്യന്‍.

Advertisement. Scroll to continue reading.

ജീവിതം വഴിമുട്ടിയ സേതുമാധവന് മീന്‍ കച്ചവടം തുടങ്ങാന്‍ സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതും പരമേശ്വരൻ തന്നെ. എന്നാൽ കിരീടം ചിത്രീകരണം തുടങ്ങി പറഞ്ഞതില്‍ നിന്നും രണ്ട് ദിവസം വൈകിയാണ് ചിത്രത്തിലെ പ്രധാന വില്ലനായ കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹന്‍രാജ് ലൊക്കേഷനില്‍ എത്തുന്നത്. ഒരുവേള ജോണിയെക്കൊണ്ട് കീരിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാലോയെന്ന് സിബി മലയില്‍ ആലോചിച്ചതാണ്. എന്നാല്‍ പരമേശ്വരനായി ജോണിയുടെ ചില സീനുകള്‍ അതിനകം എടുത്തിരുന്നതു കൊണ്ടും അതിലെ അദ്ദേഹത്തിന്‍റെ പ്രകടനം ബോധ്യമായതിനാലും സിബി അത് വേണ്ടെന്നു വച്ചു എന്നും മുൻപ് പറഞ്ഞിട്ടുണ്ട്. അക്കാലത്തെ പല മലയാള ചിത്രങ്ങളെയും പോലെ പരിമിതമായ സാഹചര്യങ്ങളില്‍, സമയത്തിന്‍റെ സമ്മര്‍ദ്ദത്തില്‍ ഒക്കെയായിരുന്നു കിരീടവും ചിത്രീകരണം പൂര്‍ക്കിയാക്കിയത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സേതുമാധവനും തന്‍റെ പരമേശ്വരനും തമ്മിലുള്ള പ്രധാന സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് കുണ്ടറ ജോണി പിന്നീട് പറഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം മ്യൂസിയത്തോട് ചേര്‍ന്ന് മൃഗാവശിഷ്ടങ്ങള്‍ തള്ളുന്ന, കാട് കയറിയ സ്ഥലത്തായിരുന്നു ചിത്രീകരണം. ലൊക്കേഷന്‍റെ ഭംഗിയും നിഗൂഢതയും കൊണ്ടാണ് സിബി ആ സ്ഥലം തെരഞ്ഞെടുത്തത്. എന്നാല്‍ ഇറച്ചി വേസ്റ്റ് തള്ളുന്ന സ്ഥലമാണെന്ന് ചിത്രീകരണം തുടങ്ങിയ ശേഷമാണ് മനസിലായത്. എന്ത് പറയുന്നുവെന്ന് സിബി മോഹന്‍ലാലിനോടും മോഹന്‍ലാല്‍ ജോണിയോടും ചോദിച്ചു. തനിക്ക് കുഴപ്പമില്ലെങ്കില്‍ എനിക്കും കുഴപ്പമില്ലെന്ന് മോഹന്‍ലാലിനോട് ജോണിയുടെ മറുപടി. രാവിലെ തുടങ്ങിയ ചിത്രീകരണം ഉച്ച കഴിയും വരെ നീണ്ടു നിന്നു. അഴുക്കില്‍ കുളിച്ച തങ്ങള്‍ പിന്നീട് ഡെറ്റോളിലാണ് കുളിച്ചതെന്ന് ജോണി പറഞ്ഞിട്ടുണ്ട്. കിരീടത്തിന്‍റെ തമിഴ്, തെലുങ്ക് റീമേക്കുകളിലും ഇതേ വേഷം ചെയ്തത് കുണ്ടറ ജോണി തന്നെ ആയിരുന്നു. ഈ രംഗങ്ങൾ തമിഴില്‍ നാല് ദിവസം കൊണ്ടും തെലുങ്കില്‍ ആറ് ദിവസം കൊണ്ടുമാണ് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

Advertisement