നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്ത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ ആലുവയിലെ ദിലീപിന്റെ വസതിയിൽ നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ റെക്കോഡിംഗാണിതെന്നാണ് അവകാശപ്പെടുന്നത്.

റിപ്പോർട്ടർ ടി.വിയാണ് ശബ്ദരേഖ പുറത്തുവിട്ട് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ തന്റെ ഫോണിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് റിപ്പോർട്ടിൽ പറയുന്നത്.

‘ഇത് ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ ഞാൻ രക്ഷിച്ച് കൊണ്ടു പോയതാണ്,’ എന്നാണ് ദിലീപിന്റേത് എന്ന പേരിൽ റിപ്പോർട്ടർ ടി.വി പുറത്തുവിട്ട സംഭാഷണത്തിൽ പറയുന്നത്.

‘കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ദിലീപിന്റെ ചെലവിൽ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്ന് ഒരാൾ പറയുമ്പോൾ ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാൻ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയന്നത് റെക്കോഡിംഗിലുണ്ട്.

ഇതിന്റെ ഇടയ്ക്ക് കയറി ദിലീപിന്റെ സഹോദരൻ അനൂപ് ദിലീപ് ക്രൈമിനെ പറ്റി പറയുന്നതും ഓഡിയോയിലുണ്ട്. ‘ക്രൈംചെയ്താൽ കണ്ടുപിടിക്കാൻ പാടാണെന്ന്’ പറയുന്ന മറ്റൊരു ഓഡിയോയും പുറത്തായിട്ടുണ്ട്.ഒരു ദിവസത്തെ പല സംഭാഷണങ്ങളിൽ ചിലതാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകൾ കേസ് അന്വേഷണത്തിൽ നിർണായകമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അക്രമത്തിന് വേണ്ടി നടത്തിയ പണമിടപാടുകളെ കുറിച്ചാണ് രണ്ടാമത്തെ റെക്കോർഡറിലുള്ളത്. പൾസർ സുനിക്ക് ഒന്നരക്കോടി കൊടുക്കുമായിരുന്നവെന്നാണ് ഇതിൽ പറയുന്നത്.