പത്തനാപുരം സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാൻ പത്തനാപുരം സബ് രജിസ്റ്റര്‍ ഓഫീസിലും അണ്ടൂര്‍പ്പച്ച സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാൻ പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലുമാണ് യുവതി നോട്ടീസ് നല്‍കിയത്. പത്തനാപുരം സ്വദേശിനിയായ യുവതിയ്ക്ക് ഒരേ സമയം രണ്ട് യുവാക്കളെ വിവാഹം ചെയ്യണമെന്നു ആഗ്രഹം. ഇതിൻ പ്രകാരം യുവതി രജിസ്റ്റർ ഓഫീസുകളെ സമീപിച്ചു. രണ്ട് വിവാഹ അപേക്ഷകളിലും ഇതുവരെയും തടസ്സവാദങ്ങള്‍ ഒന്നും തന്നെ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.സ്പെഷ്യര്‍ മാര്യേജ് ആക്‌ട് പ്രകാരം രണ്ടുപേരെ വിവാഹം കഴിക്കാൻ രണ്ടു സബ് രജിസ്റ്റാര്‍ ഓഫീസുകളിലായാണ് യുവതി അപേക്ഷ നല്‍കിയിരുന്നത്. രണ്ട് അപേക്ഷയിലും ആരും എതിര്‍പ്പറിയിച്ച് എത്താതിരുന്നതോടെ സംസ്ഥാനത്തെ രജിസ്റ്റര്‍ വിവാഹ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. പത്തനാപുരം സബ് രജിസ്റ്റര്‍ ഓഫീസിലും പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലും സമര്‍പ്പിക്കപ്പെട്ട വിവാഹ അപേക്ഷകളിലെ വധു ഒന്നാണെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. ജൂണ്‍ 30നാണ് സ്പെഷ്യല്‍ മാര്യേജ് നിയമം അനുസരിച്ച് പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസില്‍ പെണ്‍കുട്ടി ആദ്യ അപേക്ഷ നല്‍കിയത്. പത്തനാപുരം സ്വദേശിയായ 22കാരനെ വിവാഹം കഴിക്കാണമെന്ന് ആവശ്യപ്പെട്ടാണ് യുവതി അന്ന് അപേക്ഷ നല്‍കിയത്. പത്തനാപുരം സബ് രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയതിനു പിന്നാലെ ജൂലെെ 12ന് പെണ്‍കുട്ടി പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം അപേക്ഷ നല്‍കുകയായിരുന്നു. പുനലൂര്‍ ഉറുകുന്ന് അണ്ടൂര്‍പച്ച സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി അപേക്ഷ നല്‍കിയത്.
ഈ രണ്ടു എഗ്രിമെൻ്റുകളും നോട്ടീസ് ബോര്‍ഡില്‍ വന്നതോടെയാണ് യുവതിയുടെ നീക്കങ്ങള്‍ വിവാദമായതും സമൂഹത്തില്‍ ചര്‍ച്ചയായി മാറിയതും. പെണ്‍കുട്ടിയുടെ വീട് പത്തനാപുരത്തായതിനാല്‍ ഈ അപേക്ഷയില്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി നോട്ടീസ് പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച് അപേക്ഷ നല്‍കി 30 ദിവസത്തിനു ശേഷമേ രജിസ്‌ട്രേഷൻ നടത്തി വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. അതിന് വധുവും വരനും മൂന്ന് സാക്ഷികളും എത്തണമെന്നും നിയമമുണ്ട്. എന്നാല്‍ ഇതിനിടയില്‍ വധുവരൻമാരില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ ആക്ഷേപം ഉണ്ടായാല്‍ എഗ്രിമെൻ്റ് റദ്ദാകുകയും ചെയ്യും. എന്നാല്‍ ഇതുവരെ ഈ പത്തനാപുരം, പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസുകളിലെ വിവാഹ രജിസ്ട്രേഷനുകളില്‍ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയതുന്നത്. അതേസമയം പുനലൂര്‍ രജിസ്റ്റര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി ചര്‍ച്ച നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പുനലൂരില്‍ രജിസ്റ്റര്‍ ചെയ്ത ഉടമ്പടി ഓഗസ്റ്റ് 12ന് കാലാവധിയാകും. അന്ന് വധുവും വരനും എത്തിയാല്‍ ഇതു സംബന്ധിച്ച് തുടര്‍നടപടികള്‍ ചിന്തിക്കുമെന്ന് പുനലൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം പത്തനാപുരത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹ ഉടമ്പടി കാലാവധിയാകുന്നത് ജൂലെെ 30നാണ്. അന്ന് ഇക്കാര്യത്തില്‍ എന്തു സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഉടമ്പടി കാലാവധി പൂര്‍ത്തിയായാല്‍ 90 ദിവസത്തിനകം വധുവും വരനും എത്തി വിവാഹ ഉടമ്പടി പൂര്‍ത്തീകരിക്കണമെന്നാണ് നിയമം. അങ്ങനെ നടന്നില്ലെങ്കില്‍ 90 ദിവസം കഴിയുമ്പോള്‍ ഉടമ്പടി സ്വമേധയാ റദ്ദാകും. 90 ദിവസം കഴിഞ്ഞ ശേഷം സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം കഴിക്കുകയാണെങ്കില്‍ വധുവും വരനും വീണ്ടും ഒരുമാസ കാലാവധി നല്‍കി വിവാഹ ഉടമ്പടി വയ്‌ക്കേണ്ടി വരും. യുവതിയുടെ ആഗ്രഹം പോലെ ഇടവും വലവും നില്ക്കാൻ രണ്ടു ഭർത്താക്കന്മാരെ യുവതിയ്ക്ക് കിട്ടുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം.
