ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ തുടരും.ബാറുകളുടേത് പോലെ തന്നെ കള്ളു ഷാപ്പുകള്‍ക്കും നക്ഷത്ര പദവി നല്‍കും. ജവാന്‍ റം വിദേശത്തേക്ക് കയറ്റുമതി ചെയ്യും. ഓണം ഇങ്ങെത്തി. അതിനിടയ്ക്കാണ് ഇപ്പോൾ 2023- 24 വർഷത്തെ മധ്യ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്ന വാർത്ത പുറത്തു വരുന്നത്. ഏപ്രിലില്‍ പുതിയ നയം വരേണ്ടതായിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടു പോയതാണ് നയം വൈകി എത്താൻ കാരണം. നയം വൈകി ആണ് എത്തിയത് എങ്കിലും മദ്യപാനികൾക്കും മദ്യശാലാ നടത്തിപ്പുകാർക്കും ഒക്കെ സന്തോഷം പകരുന്ന നയങ്ങൾ തന്നെ ആണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചിട്ടുണ്ട് എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസായി നൽകേണ്ടത്. ഇതിനോടൊപ്പം 5 ലക്ഷം രൂപ കൂടിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മദ്യ ഉല്‍പ്പാദനം കൂട്ടാനുള്ള നടപടികളും ആരംഭിക്കും.ബാറുകളുടേത് പോലെ തന്നെ കള്ളു ഷാപ്പുകള്‍ക്കും നക്ഷത്ര പദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കേരള ടോഡി എന്ന പേരില്‍ കള്ള് ബ്രാൻഡ് ചെയ്യുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിപ്പിക്കാന്‍ മദ്യ നയത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് ഉല്‍പ്പാദിപ്പിക്കുന്ന ജവാന്‍ റം വിദേശത്തേക്ക് കയറ്റുമതി ചെയ്യും. ജവാന്‍ ഉത്പ്പാദനം കൂട്ടുന്നതിനായി ചട്ടങ്ങളില്‍ ആവശ്യമായ ക്രമീകരണം നടത്തും. കയറ്റുമതിക്ക് പ്രതികൂലമാകുന്ന ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഫീസും, എക്‌സ്‌പോര്‍ട് ഫീസും പുനക്രമീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റില്ലറിയിലെ മലബാര്‍ ബ്രാണ്ടിയുടെ ഉല്‍പ്പാദനം ഈ വര്‍ഷം ആരംഭിക്കും.

ജൂലൈ 24 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മദ്യ വില്‍പ്പന 2.4 ശതമാനം കൂടിയതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ നേരത്തെ ആലോചനയുണ്ടായിരുന്നു. ഇതേ തുടർന്ന് അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളികളുടെ സംഘടന എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ തീരുമാനം ഒന്നും ആയിട്ടില്ല. അതിനാൽ ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ പഴയത് പോലെ തന്നെ യാതൊരു വ്യത്യാസവുമില്ലാതെ തന്നെ തുടരും. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും പുതിയ മദ്യനയത്തില്‍ നിര്‍ദേശങ്ങളുണ്ടാകും. ഏപ്രില്‍ മാസത്തില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നയം പ്രഖ്യാപിക്കുന്നത് വൈകുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷൻ വഴി വില്‍ക്കുന്ന മദ്യക്കുപ്പികളില്‍ ക്യു ആര്‍ കോഡ് പതിപ്പിക്കാനുള്ള സംവിധാനവും നിലവിൽ വരും അതിനായുള്ള നടപടി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നും മദ്യവിതരണത്തില്‍ സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.വിദേശ മദ്യവും ബിയറും പരമാവധി സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കും, ടൂറിസം കേന്ദ്രങ്ങളിലും റെസ്റ്റോറന്റുകളിലും ബിയറും വൈനും വില്‍ക്കാൻ ടൂറിസം സീസണില്‍ പ്രത്യേക ലൈസൻസ് നല്‍കുമെന്നും പൂട്ടിക്കിടക്കുന്ന ചില്ലറ വില്‍പ്പനശാലകള്‍ തുറക്കാനും ക്ലാസ്സിഫിക്കേഷൻ പുതുക്കല്‍ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്ത് 559 വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകള്‍ക്കാണ് നിലവിൽ അനുമതിയുള്ളത്. എന്നാല്‍ ഇതില്‍ തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നത് 309 ഷോപ്പുകള്‍ ആണ്, ബാക്കിയുള്ളവ തുറന്നു പ്രവര്‍ത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.ത്രീ സ്റ്റാര്‍ മുതല്‍ റിസോര്‍ട്ടുകള്‍ വരെയുള്ള വളപ്പിലെ തെങ്ങ് ചെത്താനും , അത് ചെത്തി അതിഥികള്‍ക്ക് നല്‍കാനും അനുവാദം നല്‍കുന്നുണ്ട്. ഓണക്കാലം അടുത്തതോടെ പുതിയ മദ്യനയം ഓണാഘോഷത്തെ വരവേൽക്കാൻ കൂടിയുള്ളതാണെന്നതിൽ യാതൊരു സംശയവുമില്ല. മലയാളികൾ കുടിച്ചു കുടിപ്പിച്ചും സർക്കാർ ഖജനാവ് നിറയ്ക്കുമെന്നതിൽ ഏമാന്മാർക്കും നല്ല ഉറപ്പുണ്ട്.